വൈദികരും കന്യാസ്ത്രീകളും പോലും അശ്ലീല ദൃശ്യങ്ങൾ കാണുന്നു: അപകടകരമെന്ന് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: വൈദികർക്കും കന്യാസ്ത്രീകൾക്കും അശ്ലീല വീഡിയോകൾ കാണരുതെന്ന ഉപദേശം നൽകി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ നടന്ന ഒരു പരിപാടിയിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് മാർപാപ്പയുടെ പരാമർശം. പുരോഹിതന്മാരും കന്യാസ്ത്രീകളും ഉൾപ്പെടെ നിരവധി പേരാണ് ഇപ്പോൾ അശ്ലീല ദൃശ്യങ്ങൾ കാണുന്നത്. ഇത് തിന്മയുടെ പ്രവേശനത്തിൽ കലാശിക്കുന്നു. ഇത് അപകടകരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ക്രിസ്തുവിനെപ്പോലുള്ള ശുദ്ധഹൃദയം ആഗ്രഹിക്കുന്നവർ അശ്ലീല ദൃശ്യങ്ങൾ കാണുന്നതിൽ നിന്ന് വിട്ടുനിൽക്കണം. ഫോണിൽ നിന്ന് ഇപ്പോൾ തന്നെ പോൺ ദൃശ്യങ്ങൾ കളയുക. അങ്ങനെ ഇത് കാണാനുള്ള പ്രലോഭനം ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലും ഓൺലൈനിലും അധികം സമയം പാഴാക്കരുതെന്നും പുരോഹിതരോട് മാർപാപ്പ നിർദേശിച്ചു. 

ക്രിസ്ത്യാനികളുടെ നന്മയ്ക്കായി ഡിജിറ്റൽ, സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാം എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാർപാപ്പ. സ്വന്തം ജോലിയേക്കാൾ പ്രധാന്യത്തോടെ വാർത്തകൾ കാണാനും സംഗീതം ആസ്വദിക്കാനുമുള്ള അമിതമായ ആസക്തി അപകടകരമാണെന്നും മാർപാപ്പ പറഞ്ഞു.