എവറസ്റ്റ് ബേസ് ക്യാമ്പ് സുരക്ഷിതമല്ലാതായെന്ന് നേപ്പാൾ; ബേസ് ക്യാമ്പ് മാറ്റുന്നു
കാഠ്മണ്ഡു: ആഗോളതാപനവും മനുഷ്യ ഇടപെടലുകളും കാരണം എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് സുരക്ഷിതമല്ലാതായെന്ന് നേപ്പാൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ബേസ് ക്യാമ്പ് ഖുംബു പ്രദേശത്ത് 5364 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും 1,500 ലധികം ആളുകൾ പർവതാരോഹണ സീസണിൽ ഇവിടെ എത്തുന്നു. എന്നാൽ ഇവിടത്തെ മഞ്ഞുപാളികൾ അപകടകരമാംവിധം നേർത്തിരിക്കുന്നു.
ആഗോളതാപനത്തിന്റെ ഫലമായി, ഐസ് ഉരുകുന്നതും വർദ്ധിച്ചിട്ടുണ്ട്. ഇതോടെ ബേസ് ക്യാമ്പ് മറ്റൊരു സുരക്ഷിത മേഖലയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. നേപ്പാൾ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക യോഗത്തിലാണ് വിഷയം ചർച്ചയായത്. പുതിയ സ്ഥലങ്ങളൊന്നും കണ്ടെത്തുകയോ ബേസ് ക്യാമ്പ് മാറ്റുന്നതിനുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല.
എവറസ്റ്റ് കൊടുമുടിയുടെ മുകളിലുള്ള 2,000 വർഷം പഴക്കമുള്ള മഞ്ഞുപാളി ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ അപ്രത്യക്ഷമാകുമെന്ന് ഫെബ്രുവരിയിൽ ഗവേഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. 1990-നുശേഷം എവറസ്റ്റിലെ മഞ്ഞുരുക്കം അതിവേഗത്തിലാണെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്മെന്റ് ചൂണ്ടിക്കാട്ടി.