എല്ലാവരും ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കണം; ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: അപമാനിച്ചാൽ മന്ത്രി സ്ഥാനം പിൻവലിക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആരും ആരെയും വിമർശിക്കരുത് എന്ന നിലപാട് സമൂഹം സ്വീകരിക്കുന്നത് നല്ലതല്ല. നമ്മുടെ ഭരണഘടന വിമർശനത്തിനും സ്വയം വിമർശനത്തിനും അഭിപ്രായ പ്രകടനത്തിനും സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഫെഡറൽ തത്വങ്ങൾ പിന്തുടരുന്ന രാജ്യമാണ് ഇന്ത്യ. പാർലമെന്‍ററി ജനാധിപത്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെഡറൽ സംവിധാനത്തിൽ ഗവർണറുടെ കടമ എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധികളിലൂടെയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശമനുസരിച്ചായിരിക്കണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണറുടെ വിവേചനാധികാരങ്ങൾ വളരെ പരിമിതമാണെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം എല്ലാ പ്രവർത്തനങ്ങളും. മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അവർ രാജി സമർപ്പിക്കേണ്ടതും മുഖ്യമന്ത്രിക്കാണെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിന് മുന്നിൽ ആരും പരിഹാസ്യരാകരുത്. കാര്യങ്ങൾ നന്നായി നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അത് തന്നെയാണ് സർക്കാർ സമീപനവും. എല്ലാവർക്കും അത് മനസ്സിലാക്കാനും തിരുത്താനും കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.