ഇവിടെ എല്ലാം സുരക്ഷിതമാണ്;തിരിമറി നടക്കില്ല; പൂര്‍ണത്രയീശ ക്ഷേത്ര കേസില്‍ സുപ്രീം കോടതി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളും ആഭരണങ്ങളും സംബന്ധിച്ച എല്ലാ രേഖകളും സുപ്രീം കോടതിയിൽ ഭദ്രം എന്ന് ജസ്റ്റിസ് എം.ആർ. ഷാ പറഞ്ഞു.രേഖകളിൽ തിരിമറി നടക്കുമെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി രജിസ്ട്രാർ ജനറൽ നടത്തിയ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും കണക്കെടുപ്പിന്‍റെ റിപ്പോർട്ട് കേസിലെ വിവിധ കക്ഷികളുടെ അഭിഭാഷകരെ കാണിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
പുരാവസ്തുക്കളും ആഭരണങ്ങളും സംബന്ധിച്ച് നേരത്തെ നടത്തിയ സർവേയുടെ റിപ്പോർട്ട് ഹാജരാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിനോട് സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ദേവസ്വം ബോർഡ് രേഖകൾ പെട്ടിയിലാക്കി സുപ്രീം കോടതിക്ക് കൈമാറി. എന്നാൽ പല രേഖകളും മലയാളത്തിലായതിനാൽ ഇത് മനസിലാക്കാൻ കോടതിക്ക് ബുദ്ധിമുട്ടാണെന്ന് കൊച്ചി രാജകുടുംബ പ്രതിനിധിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ കോടതിയെ അറിയിച്ചു. എന്നാൽ, എല്ലാ രേഖകളും കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ തിരിമറി ഉണ്ടാവുമോ എന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതി രജിസ്ട്രാർ ജനറലിന്‍റെ നേതൃത്വത്തിൽ നടത്തിയ കണക്കെടുപ്പിൽ പല രേഖകളും ഹാജരാക്കിയില്ലെന്നും വേണുഗോപാൽ ആരോപിച്ചു. ആരോപണങ്ങൾ സത്യവാങ്മൂലമായി കൈമാറാൻ കോടതി നിർദ്ദേശിച്ചു. രണ്ടാഴ്ചത്തെ സാവകാശമാണ് ഇതിന് കോടതി അനുവദിച്ചത്. ഹൈക്കോടതി രജിസ്ട്രാർ തയ്യാറാക്കിയ റിപ്പോർട്ടിന്‍റെ പകർപ്പ് രാജകുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. നിരവധി പേജുകളുള്ള റിപ്പോർട്ട് കൈമാറാൻ കഴിയില്ലെന്നും എന്നാൽ അഭിഭാഷകർക്ക് പരിശോധിക്കാമെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ,ബി.വി.നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.