എസ് രാജേന്ദ്രന്‍റെ വീടൊഴിപ്പിക്കൽ; നടപടിക്ക് പിന്നിൽ താനല്ലെന്ന് എം.എം.മണി

തൊടുപുഴ: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്‍റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ താനല്ലെന്ന് എം എം മണി എം.എൽ.എ. നോട്ടീസിന് പിന്നിൽ താനാണെന്ന് പറയുന്നത് അസംബന്ധമാണ്. അതെന്‍റെ ജോലിയല്ല. രാജേന്ദ്രൻ ഭൂമി കൈയേറിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും മണി പറഞ്ഞു. പഴയ എം.എൽ.എ പദവി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് തീരുമാനിക്കേണ്ടതും റവന്യൂ വകുപ്പാണെന്ന് മണി പറഞ്ഞു.

മൂന്നാർ ഇക്കനഗറിൽ 8 സെന്‍റ് സ്ഥലത്തെ വീട്ടിലാണ് രാജേന്ദ്രൻ കുടുംബസമേതം താമസിക്കുന്നത്. പുറമ്പോക്കിലാണ് വീട് നിർമ്മിച്ചതെന്നും സ്ഥലം ഒഴിയണമെന്നും ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ഒഴിപ്പിക്കൽ ഉടൻ ഉണ്ടാകില്ലെന്ന് ദേവികുളം തഹസിൽദാർ അറിയിച്ചു.

കുടിയൊഴിപ്പിക്കൽ നോട്ടീസിന് പിന്നിൽ എം എം മണിയാണെന്ന് രാജേന്ദ്രൻ ആരോപിച്ചിരുന്നു. എം.എം. മണിയുടെ നേതൃത്വത്തിലുള്ള വേട്ടയാടലിന്‍റെ ഭാഗമാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ്. ഒരു മാസം മുമ്പ് എം എം മണി തന്നെ മൂന്നാറിൽ നിന്ന് ഓടിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. ഇക്കനഗറിലെ 60 കുടുംബങ്ങൾക്ക് ഭൂരേഖ ഹാജരാക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. അതിൽ തൻ്റെ പേരുണ്ട്. വാദം കേൾക്കൽ 29നാണ്. അതിനുമുമ്പ് തന്നെയും മക്കളെയും വഴിയിലിറക്കിവിടാനാണ് മണിയും കൂട്ടാളികളും റവന്യൂ വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടീസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.