മകനുമൊത്ത് മുൻ ഭർത്താവ് ഇന്ത്യയിലേക്ക് കടന്നു; ഡൽഹി ഹൈക്കോടതിയിൽ പരാതിയുമായി യുക്രൈൻ യുവതി
ന്യൂഡൽഹി: മകനെയും കൊണ്ട് ഇന്ത്യയിലേക്ക് കടന്ന മുൻ ഭർത്താവിനെ കണ്ടെത്തണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയിൽ യുക്രൈൻ യുവതിയുടെ ഹർജി. ഇന്ത്യൻ പൗരനായ യുവാവും യുക്രൈൻ യുവതിയും വിവാഹമോചിതരാണ്. ഇവരുടെ മൂന്ന് വയസ്സുള്ള മകന്റെ കസ്റ്റഡി യുവതിക്കായിരുന്നു. എന്നാൽ, റഷ്യ-യുക്രൈൻ യുദ്ധത്തിന്‍റെ മറവിൽ മുൻ ഭർത്താവ് തന്നോട് പറയാതെ മകനെയും കൊണ്ട് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നെന്നാണ് യുവതിയുടെ പരാതി.
ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അമിത് ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾക്കും യുവതിയുടെ മുൻ ഭർത്താവിനും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. മകനെ ആദ്യം കണ്ടെത്തട്ടെയെന്നും തുടർന്ന് യുവതിയുടെ പരാതികൾ പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.
സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തണമെന്നും കുട്ടിയെ കണ്ടെത്തിയാൽ എത്രയും വേഗം കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. പിതാവും കുഞ്ഞും ഇന്ത്യയിൽ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്.