ബഫർസോൺ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് കേരളം

തിരുവനന്തപുരം: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫര്‍സോണ്‍ വേണമെന്ന നിബന്ധനയിൽ ഇളവ് നൽകാൻ സംസ്ഥാന വനം വകുപ്പ് കേന്ദ്ര വനം മന്ത്രി അശ്വനി കുമാർ ചൗബെയോട് ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥിതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവലോകന യോഗത്തിൽ ഇളവ് ആവശ്യപ്പെട്ടത്.

ജനവാസ മേഖലകളെ ഒഴിവാക്കി ബഫർസോണാക്കി മാറ്റാനാണ് സംസ്ഥാനം പുതുക്കിയ ശുപാർശ നൽകിയിരിക്കുന്നത്. ഇത് പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം. വിദഗ്ധ സമിതി യോഗങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ശുപാർശ നൽകിയതെന്ന് വനം മേധാവി കേന്ദ്രമന്ത്രിയെ അറിയിച്ചു. കേന്ദ്ര ഫണ്ട് വനംവകുപ്പിന് നൽകണമെന്നായിരുന്നു മറ്റൊരു ആവശ്യം.

നീലഗിരി ബയോസ്ഫിയർ റിസർവ്, വയനാട് വന്യജീവി സങ്കേതം, തണ്ണീർത്തടങ്ങൾ, കണ്ടൽക്കാടുകളുടെ സംരക്ഷണം എന്നിവയ്ക്ക് കേന്ദ്ര വിഹിതം നൽകണം. സംസ്ഥാനം 40 ശതമാനം വിഹിതവും കേന്ദ്രം 60 ശതമാനവും വകയിരുത്തി നടപ്പാക്കുന്ന പദ്ധതികൾക്ക് സംസ്ഥാനത്തിന് യഥാസമയം കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല എന്ന പരാതി ഉയർന്നിരുന്നു.