എടപ്പാൾ ടൗണിൽ ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറി

എടപ്പാൾ: എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി. കാരണം വ്യക്തമല്ല. റൗണ്ട് എബൗട്ടിൻ്റെ ഒരു ഭാഗത്ത് ചെറിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്. സമീപത്തുനിന്നും സ്ഫോടകവസ്തുവിൻ്റെതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കളും ലഭിച്ചു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ദീപാവലിയുടെ ഭാഗമായി ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോ പൊട്ടിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിശദമായ അന്വേഷണത്തിനായി സമീപത്തടക്കമുള്ള മുഴുവൻ സി സി ടി വികളും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.