കോയമ്പത്തൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ സ്ഫോടനം; യുവാവ് കൊല്ലപ്പെട്ടു

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ സ്ഫോടനം. കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടു. തീപിടുത്തത്തിൽ കാർ പൂർണ്ണമായും കത്തിനശിച്ചു. കാറിനുള്ളിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എഞ്ചിനീയറിംഗ് ബിരുദധാരിയും ഉക്കടം ജി.എം നഗറിലെ താമസക്കാരനുമായ ജെയിംഷ മുബിൻ (25) ആണ് മരിച്ചത്.

2019 ൽ എൻ.ഐ.എ ചോദ്യം ചെയ്ത യുവാവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹത്തിന്‍റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സ്ഫോടനത്തിന് ശേഷവും ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. തിരച്ചിലിനിടെ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ മാരുതി കാർ രണ്ടായി തകർന്നു. പൊട്ടാത്ത മറ്റൊരു എൽപിജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ലാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് കണ്ടെടുത്തു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ക്ഷേത്ര കവാടത്തിലെ താൽക്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു. സംഭവത്തെ തുടർന്ന് കോയമ്പത്തൂർ ജില്ലയിലുടനീളം പൊലീസ് സുരക്ഷ ശക്തമാക്കി. 23ന് പുലർച്ചെയായിരുന്നു സംഭവം. 

സംഭവം അപകടമാണോ അതോ ഗൂഢാലോചനയുടെ ഭാഗമാണോ എന്നുള്ള അന്വേഷണം നടന്നുവരികയാണെന്ന് സംഭവസ്ഥലത്ത് പരിശോധന നടത്തിയ ശേഷം ഡി.ജി.പി പറഞ്ഞു. ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നുണ്ട്. സിലിണ്ടറുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടായി സംഗമേശ്വര ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും പുറത്തുനിന്നുള്ളവർ പ്രദേശത്ത് പ്രവേശിക്കുന്നത് തടയാനും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.