പുറത്താക്കൽ നടപടി; സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ ഇന്ന് വിധി പറയും

തിരുവനന്തപുരം: ഗവർണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ പരിഗണിക്കും. ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നാണ് പ്രധാന വാദം. എന്നാൽ, വി.സി. നിയമനത്തിനായി സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദ്ദേശം ചെയ്യണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും അംഗീകരിക്കാത്തതിനാലാണ് പ്രീതി പിൻവലിക്കേണ്ടി വന്നതെന്ന് ഗവർണർ കോടതിയെ അറിയിച്ചു.

പ്രീതി പിൻവലിക്കൽ വ്യക്തിപരമല്ലെന്നും നിയമപരമായി മാത്രമേ പ്രസക്തിയുളളുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. 

അതേസമയം, നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാത്ത പ്രതിസന്ധിയിൽ നിയമോപദേശത്തിനായി അരക്കോടിയോളം രൂപ സർക്കാർ ചെലവഴിച്ചതായാണ് വിവരം. മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന് മാത്രം 30 ലക്ഷം രൂപ നൽകിയതായി നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. സർക്കാർ അധികാരത്തിൽ വന്ന നാളിതുവരെ പുറത്തുനിന്നുള്ള നിയമോപദേശത്തിന് 3 കോടിയിലധികം രൂപയാണ് ചിലവിട്ടത്.