വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തി

യുഎഇ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലെത്തി. യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ദുബായിലെ കോൺസുൽ ജനറൽ ഡോ.അമീൻ പുരി, യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി എന്നിവരാണ് ജയശങ്കറിനെ സ്വീകരിച്ചത്. തുടർന്ന് അബുദാബിയിലെത്തിയ മന്ത്രി നിർമ്മാണത്തിലിരിക്കുന്ന സിന്ധു മന്ദിർ സന്ദർശിച്ചു. വൈകിട്ട് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി.

ഈ വർഷം ഫെബ്രുവരിയിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവച്ചതു മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നയതന്ത്ര ബന്ധങ്ങൾ ദൃഢമായി. ജയശങ്കറിന്‍റെ സന്ദർശന വേളയിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ ഉണ്ടായേക്കും.