ഉത്തരേന്ത്യയില്‍ അതിശൈത്യം; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ന്യൂഡൽഹി: അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യ. കശ്മീരിൽ രാത്രിയിലെ കുറഞ്ഞ താപനില മൈനസ് ആറ് ഡിഗ്രി സെൽഷ്യസിലെത്തി. ഡൽഹിയിലെ ചില സ്ഥലങ്ങളിൽ താപനില 3 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. കടുത്ത ശൈത്യം തുടരുന്നതിനാൽ ബീഹാറിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പട്നയിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഡിസംബർ 26 മുതൽ 31 വരെയാണ് അവധി പ്രഖ്യാപിച്ചത്.
എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ശീതതരംഗം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതെന്ന് പട്ന ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
ഹിമാചൽ പ്രദേശ്, ഡൽഹി, ബീഹാർ, ബംഗാൾ, സിക്കിം, ഒഡീഷ, അസം, ത്രിപുര എന്നിവിടങ്ങളിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചണ്ഡീഗഢ്, ഡൽഹി ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും രണ്ട് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം ശൈത്യകാല തരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. വാഹന അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്.