രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം സംഘടനാ നേതാവിനെ തരംതാഴ്‌ത്തി

തൃശ്ശൂർ: ആലത്തൂർ എം പി രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ സ്ഥലം മാറ്റിയ സിപിഎം സംഘടനാ നേതാവിനെ തസ്തികയിൽ നിന്ന് തരംതാഴ്ത്തി. കെ.എ.യു എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.വി ഡെന്നിയെയാണ് അസി. രജിസ്ട്രാർ തസ്തികയിൽനിന്ന് സെക്ഷൻ ഓഫീസറാക്കി തരംതാഴ്‌ത്തിയത്.

രമ്യ ഹരിദാസ് എം.പി ഗവർണർക്കും ലോക്സഭാ സ്പീക്കർക്കും പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് സി.വി.ഡെന്നിയെ ആദ്യം അഞ്ച് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും പിന്നീട് പടന്നക്കാട് കാർഷിക കോളേജിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സർവകലാശാല നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഇപ്പോഴത്തെ നടപടി. സംഭവത്തിൽ ഗവർണർ റിപ്പോർട്ട് തേടിയതായും സൂചനയുണ്ട്.

അതേസമയം, നടപടിക്കെതിരെ എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകർ രജിസ്ട്രാറെ ഉപരോധിച്ചു. സംഘടനാ സെക്രട്ടറിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചെന്നാണ് ആരോപണം.