‘കെജിഎഫ്’ നിര്‍മാതാക്കളുടെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും അപര്‍ണാ ബാലമുരളിയും

‘കെജിഎഫ്’ നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ ഫഹദ് ഫാസിലും അപര്‍ണാ ബാലമുരളിയും നായികാനായകൻമാര്‍.  പവൻ കുമാറിന്റെ സംവിധാനത്തിലെത്തുന്ന ‘ധൂമം’ എന്ന് പേരിട്ട ചിത്രത്തില്‍ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. 

പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ ഒമ്പതിന് ആരംഭിക്കും. ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ ആണ് നിര്‍മാണം. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷിബു ജി സുശീലൻ. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. പൂര്‍ണിമ രാമസ്വാമിയാണ് കോസ്റ്റ്യൂം.

പൃഥ്വിരാജ് നായകനാകുന്ന ഒരു ചിത്രവും ഹൊംബാളെ ഫിലിംസ് നിര്‍മിക്കുന്നുണ്ട്. ടൈസണ്‍ എന്ന പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ.