പരീക്ഷയിൽ തോറ്റു; വിദ്യാർഥികൾ അധ്യാപകനെ മരത്തിൽ കെട്ടിയിട്ട് തല്ലി
റാഞ്ചി: പരീക്ഷയ്ക്ക് മനപ്പൂർവ്വം മാർക്ക് കുറച്ചെന്നാരോപിച്ച് സ്കൂളിലെ അധ്യാപകനെയും രണ്ട് ക്ലർക്കുമാരെയും ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ കെട്ടിയിട്ട് മർദ്ദിച്ചു. ജാർഖണ്ഡിലെ ധൂംകയിലാണ് സംഭവം. പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് അധ്യാപകൻ കുറച്ചെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ക്ലാസിലെ 32 വിദ്യാർത്ഥികളിൽ 11 പേർക്ക് ഡി ഗ്രേഡ് ലഭിച്ചു. ഡി ഗ്രേഡ് തോൽവിക്ക് തുല്യമാണ്. പരാതി നൽകാൻ സ്കൂൾ മാനേജ്മെന്‍റ് തയ്യാറാകാത്തതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അധ്യാപകനായ കുമാർ സുമൻ, ക്ലർക്ക് ലിപിക് സുനിറാം, അചിന്തോ കുമാർ മാലിക് എന്നിവരെയാണ് മാവിൽ കെട്ടിയിട്ട് വിദ്യാർത്ഥികൾ മർദ്ദിച്ചത്. ആക്രമണത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.
പരാതിപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സ്കൂളിലെ വിദ്യാർഥികളുടെ ഭാവി നശിക്കുമെന്നായിരുന്നു മറുപടി. സ്കൂളിൽ 200 ൽ അധികം വിദ്യാർത്ഥികളുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും അക്രമത്തിൽ പങ്കാളികളാണെന്ന് പോലീസ് പറഞ്ഞു. മർദ്ദനമേറ്റ കണക്ക് അധ്യാപകൻ സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. പിന്നീട് ഒരു കാരണവുമില്ലാതെ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കി.