ലൈഗറിന്റെ പരാജയം; വിജയ് ദേവരക്കൊണ്ട ആര്‍ക്കും നഷ്ടപരിഹാരം നല്‍കില്ല
വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പൂരി ജഗന്നാഥ് ഒരുക്കിയ ലൈഗറിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ വിജയ് ദേവരക്കൊണ്ടയില്‍ നിന്ന് വിതരണക്കാരും തിയ്യേറ്റര്‍ ഉടമകളും നഷ്ടപരിഹാരം ആവശ്യപ്പെട്ട വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷയില്‍ താരം ചെറിയ പ്രതിഫലം മാത്രമേ വാങ്ങിയുള്ളൂവെന്നും അതിനാല്‍ ആര്‍ക്കും നഷ്ടപരിഹാരമൊന്നും നല്‍കില്ലെന്നുമാണ് ഇപ്പോളുള്ള റിപ്പോര്‍ട്ടുകള്‍.
തെലുങ്കിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടുള്ള പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗറില്‍ അനന്യ പാണ്ഡേയായിരുന്നു നായിക. ധർമ്മ പ്രൊഡക്ഷൻസും പൂരി കണക്റ്റും ചേർന്ന് നിർമ്മിച്ച ചിത്രം ഹിന്ദിയിലും തെലുങ്കിലും ചിത്രീകരിച്ചു. ഛായാഗ്രഹണം വിഷ്ണു ശർമ്മയും എഡിറ്റർ ജുനൈദ് സിദ്ദിഖിയുമാണ്. 125 കോടി രൂപയായിരുന്നു ചിത്രത്തിന്‍റെ ബജറ്റ്.
സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ചിത്രത്തിനെതിരെ ബഹിഷ്കരണ പ്രചാരണങ്ങൾ നടന്നിരുന്നു. സിനിമയുടെ പ്രമോഷന്‍ സമയത്ത് വിജയ് ദേവരകൊണ്ട മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിനായിരുന്നു ബോയ്‌കോട്ട് ക്യാമ്പയിന്‍ നടന്നത്. റിലീസിന് ശേഷം വിജയ് ദേവരകൊണ്ടയുടെ മോശം പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചുവെന്ന വിമര്‍ശനവുമായി മുംബൈ തിയേറ്റര്‍ ഉടമ മനോജ് ദേശായി രംഗത്തെത്തിയിരുന്നു. പിന്നീട് വിജയ് അതേ തിയ്യേറ്റര്‍ ഉടമയെ നേരിട്ടെത്തി കാണുകയും ചെയ്തിരുന്നു.