ദേവസ്വം ബോര്‍ഡിന്റെ പേരില്‍ വ്യാജനിയമന തട്ടിപ്പ്; പോലീസ് നിഷ്‌ക്രീയം

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോര്‍ഡില്‍ വിവിധ തസ്തികകളിലേക്ക് പണം വാങ്ങി വ്യാജ നിയമന ഉത്തരവ് പുറപ്പെടുവിച്ച് തട്ടിപ്പ്. തിരുവനന്തപുരത്തെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ആസ്ഥാനത്ത് പോലും നിയമന ഉത്തരവുകൾ ഇറക്കിയാണ് തട്ടിപ്പുകാർ വിലസിയത്.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഏജൻസിക്കും കായംകുളം സ്വദേശിയായ ഒരു പ്രമുഖ വ്യക്തിക്കും റിക്രൂട്ട്മെന്‍റ് തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കായംകുളത്തുള്ള വ്യക്തിയുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതമാണ് പൊലീസിന് പരാതി ലഭിച്ചത്. എന്നാൽ പൊലീസ് നിഷ്ക്രിയത്വമാണ് കാണിക്കുന്നതെന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിക്രൂട്ട്മെന്‍റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായർ.

പരാതിയെ തുടർന്ന് സമീപകാലത്തായി നാല് കേസുകളിലായി മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ ചില പൊലീസ് ഉദ്യോഗസ്ഥർ വിചിത്രമായ നിലപാടാണ് സ്വീകരിച്ചതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും രാജഗോപാലൻ നായർ പറഞ്ഞു.