പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ പിന്തുണയുമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ പിന്തുണച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ രംഗത്ത്. കോളേജ് അധ്യാപകന്‍റെ കൈവെട്ടിയ സംഭവവും അഭിമന്യു, സഞ്ജിത്ത്, നന്ദു എന്നിവരുടെ കൊലപാതകവും നിരോധന ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.
നിരോധിക്കേണ്ട സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്ന് അഭിമന്യുവിന്‍റെ സഹോദരൻ എം പരിജിത്ത് പറഞ്ഞു. നിരോധനം ഒരു വർഷം മുൻപ് വന്നിരുന്നെങ്കിൽ മകനെ നഷ്ടപ്പെടില്ലായിരുന്നു എന്ന് പാലക്കാട് കൊല്ലപ്പെട്ട സഞ്ജിത്തിന്‍റെ അമ്മ സുനിത പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിൽ സന്തോഷമുണ്ടെന്ന് വയലാറിൽ കൊല്ലപ്പെട്ട നന്ദുവിന്‍റെ അമ്മ രാജേശ്വരി പറഞ്ഞു. ‘ഇത് വേറൊരു പാർട്ടിയായി പുനർജനിക്കാൻ ഇടയാകരുത്. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടതു തന്നെയാണ്. പ്രതികളെ ശിക്ഷിക്കണമെന്നാണ് ആഗ്രഹം. എന്നാൽ അവർ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. പിന്നെന്തിനാണ് നമ്മൾ കേസൊക്കെയായി പോകുന്നത്. ശക്തമായ നടപടി വേണം.’–രാജേശ്വരി പറഞ്ഞു.