വിഷപ്പാമ്പുകൾക്ക് വീട് വിട്ടുനൽകി കുടുംബം; ആശങ്കയോടെ അയൽവാസികൾ

ഒഡീഷ: വിഷപ്പാമ്പുകൾ വീടിനുള്ളിൽ താമസിക്കാൻ തുടങ്ങിയതോടെ, ഒരു കുടുംബം പാമ്പുകളുടെ സൗകര്യത്തിനായി രണ്ട് മുറികൾ ഒഴിഞ്ഞു നൽകി. ഒഡീഷയിലെ മാൽക്കൻഗിരി ജില്ലയിലെ നിലിമാരി ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ വാർത്ത. നിലവിൽ നീലകണ്ഠ ഭൂമികയും കുടുംബവും അവശേഷിക്കുന്ന ഒരു മുറിയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ട്.

പാമ്പുകൾ ചിതൽപ്പുറ്റുകൊണ്ട് മുറിക്കുള്ളിൽ കൂടൊരുക്കുകയായിരുന്നു. അത് നശിപ്പിക്കാതെ അവയ്ക്ക് ജീവിക്കാനുള്ള സൗകര്യം കുടുംബം ഏർപ്പാടാക്കി. ഇതോടെ പാമ്പുകളുടെ എണ്ണവും വർധിച്ചു.മൂർഖൻ പാമ്പുകൾ ഉൾപ്പെടെയുള്ള വിഷപ്പാമ്പുകളുടെ ഒരു വലിയ കൂട്ടം ഇപ്പോൾ ഉണ്ട്. കുടുംബം ഇതേ വീട്ടിലാണ് താമസിക്കുന്നതെന്ന ആശങ്കയിലാണ് അധികൃതർ. എന്നാൽ ഇവർ പുറത്തിറങ്ങാൻ തയ്യാറല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പാമ്പുകൾ ദൈവങ്ങളാണെന്നും അവ ഉപദ്രവിക്കില്ലെന്നും കുടുംബം അവകാശപ്പെട്ടു. അവർ പാമ്പുകൾക്ക് പാലും ഭക്ഷണവും നൽകുന്നുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ കുടുംബം പ്രത്യേക നാഗപൂജയും നടത്തുന്നു. പാമ്പുകൾ തങ്ങളെ ഉപദ്രവിക്കില്ലെന്ന് കുടുംബം പറയുമ്പോഴും അയൽവാസികൾ ആശങ്കയിലാണ്.