ആരാധകർ അതിരുകടക്കുന്നു; അർജന്റീനയുടെ പരേഡ് ഉപേക്ഷിച്ചു

ബ്യൂണസ് ഐറിസ്‌: സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ലോകകപ്പ് നേടിയ അർജൻറീന ടീമിൻറെ ബ്യൂണസ് ഐറിസിലെ വിക്‌ടറി പരേഡ് ഉപേക്ഷിച്ചു. തുറന്നിട്ട ബസിലേക്ക് ആരാധകർ ബ്രിഡ്ജിൽ നിന്നും താഴേക്ക് ചാടി കയറിപ്പറ്റിയതോടെയാണ് പരേഡ് ഉപേക്ഷിച്ചത്. താരങ്ങളെ ഹെലികോപ്റ്ററിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

സുരക്ഷാ പ്രശ്നം മൂലം താരങ്ങൾ ഹെലികോപ്റ്ററിൽ നിന്നാണ് ആരാധകരെ അഭിവാദ്യം ചെയ്തത്. 18 പേർക്ക് പരുക്കേറ്റു എന്നാണ് റിപ്പോർട്ട്. സംഘർഷമുണ്ടാക്കിയ ആരാധകരെ അറസ്റ്റ് ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്.

ലോകകപ്പുമായി വരുന്ന അർജന്റീനിയൻ ടീമിനെ വരവേൽക്കാൻ ഏകദേശം 40 ലക്ഷം ആളുകളാണ് ബ്യൂണസ് ഐറിസിൽ തടിച്ചുകൂടിയിരുന്നത്. “ഒബെലിസ്കോയിൽ ഉണ്ടായിരുന്ന എല്ലാ ആളുകളെയും അഭിവാദ്യം ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചില്ല. അകമ്പടി സേവിച്ച സുരക്ഷാ ഏജന്റുമാർ ഞങ്ങളെ മുന്നോട്ട് പോകാൻ അനുവദിച്ചില്ല. എല്ലാ ചാമ്പ്യൻ കളിക്കാരുടെയും പേരിൽ ഒരായിരം ക്ഷമാപണം” എന്ന് സംഭവത്തിന് പിന്നാലെ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ മേധാവി ട്വീറ്റ് ചെയ്തു.