പോപ്പ് ബനഡിക്ട് പതിനാറാമന് വിട; സംസ്കാര ചടങ്ങുകൾ ആരംഭിച്ചു
റോം: ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ശവസംസ്കാര ചടങ്ങുകൾ ആരംഭിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ച് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകൾ ആരംഭിച്ചത്. ഫ്രാൻസിസ് മാർപാപ്പ ചടങ്ങിൽ മുഖ്യകാര്‍മികത്വം വഹിക്കും.
പുലർച്ചെ 4 മണി മുതൽ ആയിരക്കണക്കിനാളുകളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വത്തിക്കാനിൽ എത്തിയത്. 1,000 ത്തിലധികം ഇറ്റാലിയൻ സുരക്ഷാ സേനയെ ചടങ്ങിനായി വിന്യസിച്ചിട്ടുണ്ട്. ഇറ്റലി, ജർമ്മനി, ബെൽജിയം എന്നിവയുൾപ്പെടെ 13 രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവൻമാർ ചടങ്ങിൽ പങ്കെടുക്കും.
കർദിനാൾ സഭാ ആർച്ച് ബിഷപ്പ് ജോവാൻ ബാറ്റിസ്റ്ററിന് കുർബാന അർപ്പിക്കും. 120 കർദിനാൾമാരും 400 മെത്രാൻമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാർ ആൻഡ്രൂസ് താഴത്ത്, മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവർ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കും.