ഡോൾഫിൻ വേട്ടയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഫാറോ ദ്വീപുകൾ

ഫാറോ: വിവാദത്തെ തുടർന്ന്, ഫാറോ ദ്വീപുകൾ ഡോൾഫിൻ വേട്ടയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതിവർഷം വേട്ടയാടാവുന്ന ഡോൾഫിനുകളുടെ എണ്ണം 500 ആയി പരിമിതപ്പെടുത്തി. അടുത്ത രണ്ട് വർഷത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 1,400 ലധികം ഡോൾഫിനുകളെ ഒറ്റ ദിവസം കൊണ്ട് വേട്ടയാടിയത് വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.

ഗ്രൈൻഡ് എന്നറിയപ്പെടുന്ന സമുദ്ര സസ്തനികളുടെ വേട്ടയാടൽ ( പ്രാഥമികമായി തിമിംഗലങ്ങൾ ), നോർത്ത് അറ്റ്ലാന്‍റിക്കിലെ ഡാനിഷ് സ്വയംഭരണ പ്രദേശമായ വിദൂര ദ്വീപുകളിൽ നൂറുകണക്കിന് വർഷങ്ങളായി പരിശീലിക്കുന്ന ഒരു പാരമ്പര്യമാണ്. ഡോൾഫിൻ കശാപ്പിലൂടെ നൂറ്റാണ്ടുകളായി തങ്ങൾ വരുമാനം നേടുന്നുണ്ടെന്ന് ഫാറോ ദ്വീപ് നിവാസികൾ പറയുന്നു.

എന്നാൽ ഫാറോ ദ്വീപുകളിൽ ഒരു ദിവസം വേട്ടയാടുന്ന ഡോൾഫിനുകളുടെ എണ്ണം 1500 ൽ കൂടുതലാണ്. ഇത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ദ്വീപ് നിവാസികളിൽ നിന്ന് പോലും വലിയ വിമർശനത്തിന് കാരണമായി. ഡോൾഫിനുകളെ കശാപ്പ് ചെയ്യുന്നത് ക്രൂരവും അനാവശ്യവുമാണെന്ന് മൃഗാവകാശ പ്രവർത്തകർ ദീർഘകാലമായി ഉന്നയിക്കുന്ന കാര്യമാണ്.പിന്നാലെ പരമ്പരാഗത വേട്ടയാടൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 1.3 ദശലക്ഷം ഒപ്പുകളുളള നിവേദനം ഫറോസ് സർക്കാരിന് സമർപ്പിച്ചു.