യൂണിഫോമില്‍ ‘ഫാഷന്‍ഷോ’: അഞ്ച് പോലീസുകാര്‍ക്ക് സ്ഥലംമാറ്റം

ചെന്നൈ: സൗന്ദര്യമത്സരത്തിൽ യൂണിഫോമിൽ റാംപ് വാക്ക് നടത്തിയതിന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലം മാറ്റം. ഫാഷൻ ഷോ വീഡിയോ വൈറലായതിനെ തുടർന്ന് തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ പൊലീസുകാർക്കാണ് നടപടി നേരിടേണ്ടി വന്നത്.

മയിലാടുതുറൈയിലെ ഒരു മോഡലിംഗ് സ്ഥാപനമാണ് കഴിഞ്ഞയാഴ്ച സൗന്ദര്യമത്സരം സംഘടിപ്പിച്ചത്. മത്സരത്തിലെ വിജയികൾക്ക് മോഡലിംഗ് മേഖലയിൽ അവസരം നൽകാമെന്നായിരുന്നു വാഗ്ദാനം. ചലച്ചിത്രതാരം യാഷികാ ആനന്ദ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയുടെ സുരക്ഷയ്ക്കായി ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

പരിപാടി അവസാനിക്കാറായപ്പോൾ, സംഘാടകർ ഡ്യൂട്ടിയിലുള്ള പോലീസുകാരെ റാമ്പിലേക്ക് ക്ഷണിച്ചു. എ.എസ്.ഐ. സുബ്രഹ്മണ്യനും കോണ്‍സ്റ്റബിള്‍ ശിവനേശനും വനിതാപോലീസുകാരായ രേണുകയും അശ്വിനിയും നിത്യശീലയും ക്ഷണം സ്വീകരിക്കുകയായിരുന്നു. സംഗീതത്തിനൊത്ത് അവര്‍ റാംപില്‍ ചുവടുവെച്ചു.