പെണ്‍കുഞ്ഞ് പിറന്നതിന് പിന്നാലെ അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു

തമിഴ്നാട്: കുടുംബത്തിൽ പെൺകുഞ്ഞ് ജനിച്ചതിന് പിന്നാലെ അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ജോലാർപേട്ടിനടുത്തുള്ള മണ്ഡലവാഡി ഗ്രാമത്തിൽ താമസിക്കുന്ന മുരളി (27) ഒരു വർഷം മുമ്പാണ് ഇന്ദുജയെ (20) വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസമാണ് ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്ന് മുരളിയും അമ്മ ശിവകാമിയും (55) ആത്മഹത്യ ചെയ്തത്. കുടുംബത്തിൽ പെൺകുഞ്ഞ് ജനിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

ശിവകാമിയുടെ മൂന്നാമത്തെ മകനാണ് മുരളി. ഇവരുടെ മൂത്ത രണ്ട് ആൺമക്കളും വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ദുജ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. തിരുപ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ കാണാൻ അമ്മ ശിവകാമിയും മുരളിയും എത്തിയിരുന്നു. പെൺകുട്ടി ജനിച്ചതിൽ ഇരുവരും വളരെ നിരാശരായിരുന്നു. കുട്ടിയെ സന്ദർശിച്ച് മടങ്ങിയെത്തിയ അമ്മയും മകനും വെള്ളിയാഴ്ച രാത്രി ചിക്കൻ കറിയിൽ വിഷം ചേർത്ത് കഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ശനിയാഴ്ച വൈകുന്നേരം ആയിട്ടും വീട് തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ ജോലൂർപേട്ട് പൊലീസിൽ വിവരമറിയിച്ചു. വീടിന്‍റെ വാതിൽ തകർത്ത് അകത്തുകടന്ന പൊലീസ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ സംസ്കരിച്ചു.