ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഫെഡറല്‍ ബാങ്ക്

കൊച്ചി: ഈ വര്‍ഷത്തെ ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഫെഡറല്‍ ബാങ്കിന് 63-ാം സ്ഥാനം. ഇന്ത്യയില്‍ നിന്ന് ഈ പട്ടികയില്‍ ഇടം ലഭിച്ച ഏക ബാങ്കും ഫെഡറല്‍ ബാങ്കാണ്. 10 ലക്ഷം ജീവനക്കാര്‍ക്കിടയില്‍ കമ്പനികളുടെ തൊഴില്‍ സംസ്കാരവും ജീവനക്കാരുടെ ക്ഷേമവും വിലയിരുത്തുന്ന മുന്‍നിര ആഗോള ഏജന്‍സിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഏഷ്യയിലും മിഡില്‍ ഈസ്റ്റിലുമായി 47 ലക്ഷം ജീവനക്കാരെ പ്രതിനിധീകരിച്ച് വിപുലമായ രഹസ്യ സര്‍വെ നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്ന സൗഹൃദാന്തരീക്ഷം, വിവേചനരാഹിത്യം എന്നിവയടക്കമുള്ള അനവധി ഘടകങ്ങള്‍ സര്‍വേയുടെ ഭാഗമായി വിലയിരുത്തപ്പെട്ടു.

“ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ട്. ബാങ്കിലെ ഓരോ ജീവനക്കാര്‍ക്കും ഈ നേട്ടത്തില്‍ പങ്കുണ്ട്. ഏറ്റവും മികച്ച ജീവനക്കാരാണ് ഏറ്റവും മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നത്” ഫെഡറല്‍ ബാങ്ക് പ്രസിഡന്‍റും ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറുമായ അജിത് കുമാര്‍ കെ കെ പറഞ്ഞു. പട്ടികയില്‍ ഇടം നേടിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മികച്ച തൊഴിലിട അനുഭവം ആഗോള ശരാശരിയേക്കാള്‍ മുകളിലാണെന്നും റിപ്പോർട്ട് പറയുന്നു.