ഫെഫ്ക പ്രൊഡക്ഷന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്; അട്ടിമറി വിജയം നേടി ബാദുഷയുടെ പാനല്‍

കൊച്ചി: ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടി. നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം.ബാദുഷയുടെ നേതൃത്വത്തിലുള്ള പാനലിലെ 11 അംഗങ്ങൾ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഔദ്യോഗിക വിഭാഗമായ അരോമ മോഹന്‍റെ നേതൃത്വത്തിലുള്ള പാനലിൽ നിന്ന് ആറ് പേരെ മാത്രമാണ് തിരഞ്ഞെടുത്തത്.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച അരോമ മോഹൻ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സെവൻ ആട്സ് മോഹൻ, വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി മെഹ്റൂഫ് പിണറായി എന്നിവര്‍ പരാജയം ഏറ്റുവാങ്ങി. ജോയിന്‍റ് സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ടിരുന്ന സേതു അടൂരും തോറ്റു.

ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിൽ വർഷങ്ങളായി എല്ലാ പ്രധാന സ്ഥാനങ്ങളും ഔദ്യോഗിക പക്ഷമാണ് വഹിക്കുന്നത്. എൻ.എം. ബാദുഷയുടെ നേതൃത്വത്തിലുള്ള പാനലിലെ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ചിരുന്ന ഔദ്യോഗിക പാനലിനെ ‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യവുമായാണ് നേരിട്ടത്.