ബ്രേക്ക് തകരാർ മൂലം 23,555 കാറുകൾ ഫെരാരി തിരിച്ചുവിളിച്ച് പരിശോധിക്കുന്നു

ബ്രേക്ക് തകരാറിനെ തുടർന്ന് അപകട സാധ്യതയുള്ള 23,555 കാറുകൾ ഫെരാരി നോർത്ത് അമേരിക്ക തിരിച്ചുവിളിച്ചു. 2005 മുതൽ വിറ്റഴിച്ച മോഡലുകളിൽ 19 എണ്ണത്തിന് തകരാറുള്ളതായി സൂചന ലഭിച്ചതിനെ തുടർന്നാണ് തിരിച്ചുവിളിച്ചത്. എഫ്എഫ്, എഫ്8 ട്രിബ്യൂട്ടോ, പോർട്ടോഫിനോ, ലിമിറ്റഡ് മോഡലുകളായ ലാഫെരാരി എന്നിവ ഉൾപ്പെട്ട നീണ്ട നിര തന്നെ നോർത്ത് അമേരിക്കയിൽ തിരികെ വിളിച്ചിട്ടുണ്ട്.

എന്നിരുന്നാലും, ഇന്ത്യയിൽ വിൽക്കുന്ന ഒരു മോഡലിനും അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഫെരാരി വക്താക്കൾ അവകാശപ്പെടുന്നു. ബ്രേക്ക് ഫ്ലൂയിഡ് റിസർവോയറിന്‍റെ അടപ്പിന് കേടുപാടുകൾ സംഭവിച്ചതിനാൽ അപകടത്തിന് കാരണമായിരിക്കാമെന്ന് ഫെരാരി അധികൃതർ കണ്ടെത്തി. റിസർവോയറിനുള്ളിൽ ചൂട് ബാധിക്കുന്നതോടെ വാക്വം രൂപപ്പെടുന്നതായും ഇതു മൂലം ബ്രേക്ക് ഫ്ലൂയിഡ് നഷ്ടപ്പെടാനോ ചോർച്ചയ്ക്കോ കാരണമാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

തൽഫലമായി, ബ്രേക്കുകൾ ഭാഗികമായോ പൂർണ്ണമായോ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. 2022 സെപ്റ്റംബർ 24 മുതൽ ഉടമകൾക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് വക്താക്കൾ അറിയിച്ചു. അടിയന്തരമായി പ്രശ്നം പരിഹരിക്കുന്നതിന് സർവീസ് ടെക്നീഷ്യൻമാരുടെ നേതൃത്വത്തിൽ ബ്രേക്ക് ഫ്ലൂയിഡ് റിസർവോയർ ക്യാപ്പ് മാറ്റി വാഹനത്തിന്‍റെ ലോ ബ്രേക്ക് ഫ്ലൂയിഡ് അപ്ഡേറ്റ് ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ ഒക്ടോബറിൽ ഫെരാരി 458, 488 മോഡലുകളിൽ ഇതേ വിധത്തിൽ 10000 മോഡലുകൾ തിരികെ വിളിച്ചിരുന്നു.