മലയാളക്കരയ്ക്ക് ഉത്സവകാലം ;ഓണം വാരാഘോഷത്തിന് കൊടിയേറി
തിരുവനന്തപുരം: മലയാളികൾ കാത്തിരുന്ന ഓണം വാരാഘോഷത്തിന് കനകക്കുന്നിൽ കൊടിയേറി. ഇനി സെപ്റ്റംബർ 12 വരെ മലയാളക്കരയ്ക്ക് ഉത്സവകാലം. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയും നടൻ ദുൽഖർ സൽമാനും മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്തു.
ഓണം വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ സംസാരിക്കാനെത്തിയ ദുൽഖറിനെ സദസ്സ് കയ്യടികളോടെയാണ് സ്വീകരിച്ചത്. തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് തന്നെ ഇവിടുത്തെ വൈദ്യുത ദീപാലങ്കാരം നിര്‍ബന്ധമായും കാണണമെന്ന് പലരും പറഞ്ഞുവെന്നും നേരിട്ടു കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുവെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു
തൊട്ടുപിന്നാലെ വന്ന അപർണ ബാലമുരളി തനിക്ക് തിരുവനന്തപുരത്തെ നെയ്ബോളിയും പാൽപ്പായസവും കഴിക്കണമെന്ന് പറഞ്ഞപ്പോൾ സദസ്സിൽ നിന്ന് ആർപ്പുവിളി ഉയർന്നു. തന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത ഓണസ്മരണയായിരിക്കും ഈ ദിവസമെന്നും താരം പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്ത സെലിബ്രിറ്റികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്നേഹോപകാരം കൈമാറി.