കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.