ഫിഫ ലോകകപ്പ് സൗദി-അർജന്റീന മത്സരം; സൗദിയിൽ ഇന്ന് ഉച്ച മുതൽ അവധി

ജിദ്ദ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ സൗദി ദേശീയ ടീമിന്‍റെ ആദ്യ മത്സരം തത്സമയം കാണുന്നതിനായി സൗദിയിലെ സർക്കാർ ജീവനക്കാർക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ അവധി പ്രഖ്യാപിച്ചു. രാജകീയ ഉത്തരവിലൂടെയാണ് ഇത് പ്രഖ്യാപിച്ചത്. ചില സ്വകാര്യ കമ്പനികളും ഇന്ന് ഉച്ച മുതൽ സ്വദേശി ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ട്.

ഇന്ന് 3.30 ന് ലുസൈൽ സ്റ്റേഡിയത്തിൽ അർജന്‍റീനയെയാണ് സൗദി ടീം നേരിടുക. ഗ്രൂപ്പ് സിയിൽ സൗദി അറേബ്യയ്ക്കും അർജന്‍റീനയ്ക്കും പുറമെ പോളണ്ടും മെക്സിക്കോയും അംഗങ്ങളാണ്. ഇത് ആറാം തവണയാണ് സൗദി ടീം ലോകകപ്പിൽ പങ്കെടുക്കുന്നത്.

സൗദി ടീം ഇന്ന് കളിക്കുന്നത് കാണാൻ സൗദി അറേബ്യയിൽ നിന്ന് ആയിരക്കണക്കിന് ആരാധകരാണ് ഖത്തറിലെത്തിയത്. ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിൽ നിന്ന് ദോഹയിലേക്കുള്ള പ്രതിദിന പ്രത്യേക വിമാനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.