ഫിഫ ലോകകപ്പ്; ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ

ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിലേക്ക് ബ്രസീലും. ഏഷ്യൻ വമ്പൻമാരായ ദക്ഷിണ കൊറിയയെയാണ് പ്രീക്വാർട്ടറിൽ ബ്രസീൽ തോൽപ്പിച്ചത്. മത്സരത്തിൽ 4-1നായിരുന്നു ബ്രസീലിന്റെ വിജയം.

ആദ്യ പകുതിയിൽ കൊറിയയെ തകർത്താണ് ബ്രസീൽ 4 ഗോളുകളും നേടിയത്. ഏഴാം മിനിറ്റിൽ വിനീഷ്യസാണ് ആദ്യ ഗോൾ നേടിയത്. ആറ് മിനിറ്റിന് ശേഷം പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിനായി ലീഡ് ഉയർത്തി. 29-ാം മിനിറ്റിൽ റിച്ചാർലിസൻ ബ്രസീലിന്‍റെ ലീഡ് മൂന്ന് ഗോളാക്കി ഉയർത്തി. ഏഴ് മിനിറ്റിന് ശേഷം ലൂക്കാസ് പക്വെറ്റയും ബ്രസീലിനായി ഗോൾ നേടി.

രണ്ടാം പകുതിയിൽ വിജയം ഉറപ്പാക്കിയ ശരീരഭാഷയുമായാണ് ബ്രസീൽ കളിച്ചത്. അതിനാൽ, തിടുക്കപ്പെട്ടുള്ള ആക്രമണ നീക്കങ്ങൾ അധികം ഉണ്ടായില്ല. എന്നിരുന്നാലും, ദക്ഷിണ കൊറിയൻ ഗോളിയുടെ മികച്ച പ്രകടനം ബ്രസീലിന്‍റെ ചില മികച്ച നീക്കങ്ങളെ നിർവീര്യമാക്കി. മറുവശത്ത്, കൊറിയയുടെ ചില ഒറ്റപ്പെട്ട നീക്കങ്ങൾക്ക് മുന്നിൽ ബ്രസീൽ ഗോൾകീപ്പർ അലിസൺ ബക്കറും വൻ മതിൽ നിർമ്മിച്ചു. 76-ാം മിനിറ്റിൽ സുങ് ഹോ പൈക്കാണ് കൊറിയയുടെ ഏക ഗോൾ നേടിയത്.