പരീക്ഷണപ്പറക്കലിനിടെ യുദ്ധവിമാനം വീടിനുള്ളില്‍ തകര്‍ന്നുവീണു

റഷ്യ: സൈബീരിയയിൽ പരീക്ഷണ പറക്കലിനിടെ റഷ്യൻ യുദ്ധവിമാനം വീടിനുള്ളില്‍ തകര്‍ന്നു വീണു. റഷ്യൻ സൈന്യത്തിന്‍റെ സുഖോയ് യുദ്ധവിമാനമാണ് സൈബീരിയൻ നഗരമായ ഇർകുസ്കിലെ രണ്ട് നിലകളുള്ള വീട്ടിൽ പരീക്ഷണ പറക്കൽ നടത്തുന്നതിനിടെ തകർന്നുവീണത്. ആക്രമണത്തിൽ റഷ്യൻ വ്യോമസേനയിലെ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടതായി ഇർകുസ്ക് ഗവർണർ പറഞ്ഞു. ആറ് ദിവസം മുമ്പ് മറ്റൊരു റഷ്യൻ സുഖോയ് യുദ്ധവിമാനം അപകടത്തിൽ പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.  

സംഭവത്തിൽ കുടുംബാംഗങ്ങൾക്കോ അയൽക്കാർക്കോ പരിക്കേറ്റിട്ടില്ലെന്ന് ഇർകുസ്ക് ഗവർണർ ഇഗോർ കൊബോസേവ് ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും പുക ഉയരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രദേശത്ത് അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും ഗവർണർ ടെലിഗ്രാമിലൂടെ പുറത്തുവിട്ടു. അപകടത്തെ തുടർന്ന് നിരവധി വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ അണയ്ക്കാൻ നിരവധി രക്ഷാപ്രവർത്തകർ വെള്ളം തളിക്കുന്നുണ്ടെന്നും ഇത് ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു. 

ഞായറാഴ്ചയാണ് പരീക്ഷണ പറക്കലിനിടെ സുഖോയ് SU-30 വിമാനം തകർന്നുവീണതെന്ന് റഷ്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. മാക്സിം കൊനുഷിൻ (50), മേജർ വിക്ടർ ക്രൂക്കോവ് (43) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സൈബീരിയയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.