ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് ഔദ്യോഗിക തുടക്കം; ഇറാനിലെ പ്രതിഷേധത്തിന് വേദിയിൽ പിന്തുണ

തിരുവനന്തപുരം: 27-ാമത് ഐ.എഫ്.എഫ്.കെ മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാന നഗരിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര മേളകളെ ചിലർ സങ്കുചിത ചിന്തകൾ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് വേണ്ടത് ഭയമില്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്. ചലച്ചിത്ര മേളകൾ അത് ഉറപ്പാക്കാൻ കഴിയുന്ന വേദിയാകണമെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐഎഫ്എഫ്‌കെ വേദിയിലും പിന്തുണ അറിയിച്ചു. ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയിൽ കാണിച്ചാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഇറാനിലെ പ്രതിഷേധത്തിന് ഗ്രീക്ക് ചലച്ചിത്രകാരി പിന്തുണ നൽകിയത്.