ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിവേചനം; സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹേഷ് നാരായണന്‍

കോട്ടയം കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ മഹേഷ് നാരായണൻ. കൊവിഡ് കാലത്ത് ഐഎഫ്എഫ്കെയുടെ സിഗ്നേച്ചർ സിനിമ ചെയ്ത വിദ്യാർത്ഥിയോടും പിതാവിനോടും അഡ്മിനിസ്‌ട്രേഷന്‍ കാണിച്ച വിവേചനത്തിന് കണക്കില്ലെന്ന് മഹേഷ് നാരായണൻ പറഞ്ഞു.

‘ഈ വിദ്യാർത്ഥിയോടും അവന്‍റെ പിതാവിനോടും അഡ്മിനിസ്‌ട്രേഷന്‍ കാണിക്കുന്ന വിവേചനത്തിന് ഒരു കണക്കുമില്ല. അവൻ അതിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ ഞാൻ പലതവണ കരഞ്ഞിട്ടുണ്ട്. ഇത് എല്ലാവരും അറിയണം. ഒരു കാര്യം കൂടി പറയട്ടെ, കോവിഡ് കാലത്ത് ഐഎഫ്എഫ്കെയുടെ സിഗ്നേച്ചർ ഫിലിം ചെയ്തത് ഈ വിദ്യാർത്ഥിയാണ്. 4 ജില്ലകളിൽ നടന്ന സിഗ്നേച്ചർ ഫിലിമിന്‍റെ അനിമേഷൻ ചെയ്തത് ഈ വിദ്യാർത്ഥിയാണ്. ഈ വിദ്യാർത്ഥിയാണ് കഴിഞ്ഞ 4 സിനിമകളുടെ പോസ്റ്ററുകൾ രൂപകൽപ്പന ചെയ്തത്’.

‘അതിനാൽ, വിദ്യാർത്ഥികൾ ആരും ഭയക്കരുത്, ഇത് ഒരു സർട്ടിഫിക്കറ്റ് മാത്രമാണ്. ഇതിൽ വലിയ കാര്യമൊന്നുമില്ല. സർട്ടിഫിക്കറ്റ് കൊണ്ട് ഒരു കാര്യവുമില്ല. സിനിമ പഠിക്കാൻ ഒരു സ്ഥലത്ത് എത്തി എന്ന് മാത്രം. മലയാള സിനിമാലോകം ഒന്നടങ്കം നിങ്ങൾക്കായി കാത്തിരിക്കുകയാണ്. പുറത്തു വന്ന് സിനിമ ചെയ്യുക’, അദ്ദേഹം പറഞ്ഞു.