സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയിൽ അന്തിമവാദം അടുത്ത വെള്ളിയാഴ്ച

ന്യൂഡല്‍ഹി: യുഎപിഎ കേസിൽ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യഹർജിയിൽ തിങ്കളാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.

2020 ഒക്ടോബർ 6 മുതൽ കാപ്പൻ ജയിലിലാണെന്ന് മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ സുപ്രീം കോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് കാപ്പന്‍റെ ബാങ്ക് അക്കൗണ്ടിൽ 45,000 രൂപ നിക്ഷേപിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ഇതിന് പോലും തെളിവില്ലെന്ന് കാപ്പന്‍റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. കാപ്പൻ വാഹനം വാങ്ങാൻ പണം നൽകിയെന്ന് ആരോപിക്കപ്പെടുന്ന ടാക്സി ഡ്രൈവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതായി കപിൽ സിബൽ കോടതിയെ അറിയിച്ചു. കേസിൽ എത്ര പ്രതികളുണ്ടെന്നും ഇവരിൽ എത്രപേർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ലളിത് ചോദിച്ചു.