മാലിദ്വീപിൽ കെട്ടിടത്തിൽ തീപിടിത്തം; 9 ഇന്ത്യക്കാർ ഉൾപ്പടെ 10 മരണം

മാലി: മാലിദ്വീപ് തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 9 ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്‍റെ മുകൾ നിലയിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി മാലിദ്വീപ് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് വിവരം.

തീപിടുത്തമുണ്ടായ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലെ വർക്ക്ഷോപ്പിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. തീ അണയ്ക്കാൻ 4 മണിക്കൂറിലധികം സമയമെടുത്തുവെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാർ ഉൾപ്പെടെ മരിച്ചതായി മാലിദ്വീപിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

മാലിയിലെ തീപിടുത്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മാലിദ്വീപ് അധികൃതരുമായി എംബസി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ട്വീറ്റിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറും എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.