വെസ്റ്റ് ബംഗാള്‍-ലോകമാന്യതിലക് ഷാലിമാര്‍ എക്‌സ്പ്രസിൽ തീപ്പിടിത്തം; ആളപായമില്ല
മുംബൈ: പശ്ചിമ ബംഗാൾ-ലോകമാന്യതിലക് ഷാലിമാർ എക്സ്പ്രസിൽ തീപിടുത്തം. ട്രെയിനിന്‍റെ പാഴ്സൽ വാനിലാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും ഈ റൂട്ടിൽ റെയിൽ ഗതാഗതം താറുമാറായി.
ശനിയാഴ്ച രാവിലെ 8.43 നാണ് ട്രെയിനിന്‍റെ പാഴ്സൽ വാനിൽ നിന്ന് തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം ട്രെയിൻ നാസിക് റെയിൽവേ സ്റ്റേഷനിലായിരുന്നു. 9.30 ഓടെ റെയിൽവേ അധികൃതരും അഗ്നിശമന സേനയും ചേർന്നാണ് തീ അണച്ചത്. പാഴ്സൽ വാനിൽ ആളുകളില്ലായിരുന്നുവെന്നും തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
മുൻകരുതൽ നടപടിയെന്ന നിലയിൽ പാതയിലെ വൈദ്യുതി വിച്ഛേദിക്കുകയും ഇതോടെ പാതയിലെ ഗതാഗതം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു. നിശ്ചയിച്ച സമയത്തേക്കാൾ എട്ട് മണിക്കൂർ വൈകി ഓടിയ ട്രെയിൻ രാവിലെ 11.57ന് യാത്ര തുടർന്നു.