ശബരിമല കതിനപ്പുരയിലെ തീ പിടുത്തത്തിൽ ഫയർഫോഴ്സ് പരിശോധന ഉടൻ പൂർത്തിയാകും
സന്നിധാനം: ശബരിമല സന്നിധാനത്തെ കതിനപ്പുരയിലുണ്ടായ അപകടത്തിൽ ഫയർഫോഴ്സിന്റെ പരിശോധന ഉടൻ നടത്തും. തീ പടർന്നത്തിൻ്റെ കാരണം ഫയർഫോഴ്സ് കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീ പടർന്നാണ് അപകടമുണ്ടായത് എന്നാണ് മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റ ശബരിമല സന്നിധാനത്തെ അപകടത്തെക്കുറിച്ച് ഫോറൻസിക് പരിശോധനയിൽ വ്യക്തമാകുന്നത്. എന്നാൽ, അഗ്നിബാധ എങ്ങനെ ഉണ്ടായി എന്നതിനു ഫയർഫോഴ്സിന്റെ പരിശോധനയ്ക്ക് ശേഷമേ ഉത്തരം ലഭിക്കൂ.
അപകടം നടന്ന ദിവസം തന്നെ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്ന ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ശബരിമല പോലൊരു പ്രധാന സ്ഥലത്ത് ഉണ്ടായ അപകടമായതിനാൽ ചെറിയ പിഴവ് പോലും ഉണ്ടാകാൻ പാടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്സിലെ വിദഗ്ദ്ധരുടെ സേവനം ലഭിച്ചത്.
അപകടവുമായി ബന്ധപ്പെട്ട് പത്തനംതിട്ട കളക്ടർ ഇന്നലെ ദേവസ്വം മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. അപകടത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ വെടിക്കെട്ട് നടത്തുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനും ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു.