റാലിക്കിടെയുണ്ടായ വെടിവെപ്പ്; ഇമ്രാന്‍ ഖാന്‍റെ കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തു

പാകിസ്ഥാന്‍: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തു. വെടിയുണ്ടയേറ്റതിനെ തുടർന്ന് കാലിലെ അസ്ഥിക്ക് പൊട്ടലുണ്ടായെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ശാരീരിക പ്രശ്നങ്ങൾ നിയന്ത്രണ വിധേയമാണെങ്കിലും അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തന്നെയാണ്. ഇമ്രാൻ ഖാന്‍റെ രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാണെന്നും ഡോ.ഫൈസല്‍ സുൽത്താൻ പറഞ്ഞു. ഡോ.ഫൈസല്‍ സുൽത്താന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇമ്രാൻ ഖാന്‍റെ ചികിത്സ നിയന്ത്രിക്കുന്നത്.

ഇമ്രാൻ ഖാന് വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന്‍റെ അനുയായികൾ പ്രാർത്ഥനകൾ ആരംഭിച്ചതായും റിപ്പോർട്ട് ഉണ്ട്. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാനായുള്ള പ്രാർത്ഥനകൾ നടക്കുകയാണ്. അതേസമയം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടന്നു. ഇമ്രാൻ ഖാനെ ചികിത്സിക്കുന്ന ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ അദ്ദേഹത്തിന്‍റെ അനുയായികളെ നിയന്ത്രിക്കാൻ പാടുപെടുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഇമ്രാന്‍ ഖാന്‍റെ തെഹ്‍രിക്-ഇ-ഇന്‍സാഫ് പാർട്ടി കഴിഞ്ഞ വെള്ളിയാഴ്ച ലാഹോറിൽ നിന്ന് ‘ഹഖിഖി ആസാദി’ മാർച്ച് ആരംഭിച്ചിരുന്നു. മാർച്ചിന്‍റെ തുടക്കം മുതൽ പ്രശ്നങ്ങളായിരുന്നു. ചാനല്‍ 5 വിന്‍റെ റിപ്പോര്‍ട്ടര്‍ സദഫ് നയിം, ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും അഭിമുഖം നടത്തുന്നതിനിടെ താഴെ വീണ് വാഹനത്തിന് അടിയില്‍പ്പട്ട് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ലോംഗ് മാര്‍ച്ച് ഒരു ദിവസം നിര്‍ത്തി വച്ച ശേഷം വീണ്ടും തുടങ്ങിയതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന് വെടിയേറ്റത്. വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് പങ്കാളിത്തമുണ്ടെന്നും ഇതില്‍ ഒരാളെ കീഴ്പ്പെടുത്തിയപ്പോള്‍ മറ്റേയാള്‍ ആള്‍ക്കൂട്ടത്തില്‍ രക്ഷപെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.