രാജ്യത്ത് ഇനി സിം മാറ്റി വാങ്ങിയാല്‍ ആദ്യ 24 മണിക്കൂര്‍ മെസേജുകള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന സിം തട്ടിപ്പുകൾക്ക് തടയിടാൻ കേന്ദ്ര ടെലികോം വകുപ്പ്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് ഒടിപി വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ എണ്ണം രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ടെലികോം വകുപ്പ് പുതിയ മാർഗം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഏതെങ്കിലും കാരണത്താൽ സിം മാറ്റി വാങ്ങിയാല്‍, ആദ്യത്തെ 24 മണിക്കൂറിൽ ഇനി മുതൽ സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല.
സിം സ്വാപ്പിംഗ് എന്നറിയപ്പെടുന്ന തട്ടിപ്പ് തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ പരിഷ്കാരം. സാധാരണയായി, സിം കാർഡിന് കേടുപാടുകൾ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ, തിരിച്ചറിയൽ കാർഡ് നൽകിയാണ് ഉപഭോക്താവ് ഒരു ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നത്. ഒരു പുതിയ സിമ്മിനായി അപേക്ഷിക്കുമ്പോൾ, പഴയത് നിർജ്ജീവമാക്കുന്നു. സന്ദേശങ്ങളും ഫോൺ കോളുകളും പുതിയ സിമ്മിലേക്ക് വരുന്നു. തട്ടിപ്പുകാർ ഇതൊരു അവസരമായാണ് കാണുന്നത്. ഫോണുകൾ നഷ്ടപ്പെടുമ്പോഴോ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ അവർക്ക് സിം സ്വാപ്പ് ചെയ്യാനുള്ള അവസരം ലഭിക്കുന്നു.
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പുകാർ പുതിയ സിമ്മിനായി അപേക്ഷിക്കുന്നു. ഇതോടെ, യഥാർത്ഥ ഉപഭോക്താവിന്‍റെ പഴയ സിം കാർഡ് ബ്ലോക്ക് ചെയ്യപ്പെടുകയും പുതിയത് സജീവമാവുകയും ചെയ്യുന്നു. ഇതോടെ ഇടപാടുകൾക്ക് ആവശ്യമായ ഒടിപി തട്ടിപ്പുകാരുടെ കൈവശമുള്ള സിമ്മിലേക്ക് എത്തുന്നു. യഥാർത്ഥ ഉടമ ഇതിനെക്കുറിച്ച് അറിയുമ്പോഴേക്കും, ബാങ്ക് അക്കൗണ്ടിലെ എല്ലാ പണവും നഷ്ടപ്പെടും. ഈ സിം സ്വാപ്പിംഗ് തടയുന്നതിനായാണ് ടെലികോം വകുപ്പ് സിം വാങ്ങി ആദ്യ 24 മണിക്കൂർ എസ്എംഎസ് സേവനങ്ങൾ നിർത്താൻ തീരുമാനിച്ചത്.