മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യം

കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകൾ. പൊലീസ് അന്വേഷണത്തോടുള്ള നാവികസേനയുടെ നിസ്സഹകരണം ചൂണ്ടിക്കാണിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉടൻ കത്തയക്കും. വെടിയേറ്റ മത്സ്യത്തൊഴിലാളിയെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്.

നാവികസേനയുടെ നീക്കങ്ങൾ പൊലീസ് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു. അപകടത്തിന് തൊട്ടുപിന്നാലെ, വെടിയുണ്ട തങ്ങളുടേതല്ലെന്ന് പ്രഖ്യാപിച്ച നാവികസേന വെടിവയ്പ്പ് പരിശീലനവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ നൽകാൻ വിസമ്മതിച്ചു. ബോട്ടിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ട കേന്ദ്ര സേനയുടെ കൈവശമുള്ള ഇന്ത്യൻ നിർമ്മിത റൈഫിളിൽ ഉപയോഗിക്കുന്നതാണെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇത് ഉറപ്പിക്കാനും ഉറവിടം കണ്ടെത്താനുമുള്ള നീക്കത്തിന് നാവിക സേന തടസ്സം സൃഷ്ടിക്കുകയാണ്. കേന്ദ്ര സേനയ്ക്കെതിരായ പൊലീസ് അന്വേഷണത്തിന്‍റെ പരിമിതികൾ കണക്കിലെടുത്ത് സംഭവം കേന്ദ്രസർക്കാർ അന്വേഷിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

വെടിയേറ്റ മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന് സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. ബോട്ടിന്‍റെ ഉടമയും സഹപ്രവർത്തകരും മാത്രമാണ് ആശ്രിതർ. തുടർച്ചയായ നീതി നിഷേധത്തിനെതിരെ മത്സ്യത്തൊഴിലാളികൾ വരും ദിവസങ്ങളിൽ സമരം ശക്തമാക്കും.