കടലിലും കരയിലും പ്രതിഷേധം കടുപ്പിച്ച് മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: തീരശോഷണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ തുറമുഖ കവാടത്തിൽ നടത്തുന്ന സമരം കടുക്കുന്നു. രാപ്പകൽ പണിമുടക്കിന്‍റെ ഏഴാം ദിവസമായ ഇന്ന് മത്സ്യത്തൊഴിലാളികൾ കരയിലും കടലിലും സമരം ശക്തമാക്കി. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തു. ഗേറ്റിന്‍റെ പൂട്ട് തകർത്തു. കടൽ വഴി ബോട്ടുകളിൽ എത്തി തുറമുഖ നിർമ്മാണ മേഖലയിലും പ്രതിഷേധിക്കുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ചെറിയതുറ, സെന്‍റ് സെബാസ്റ്റ്യൻ വെട്ടുകാട്, സെന്‍റ് സേവ്യേഴ്സ് വലിയതുറ എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി പൂന്തുറ ഇടവകയാണ് പുതിയ സമരമുഖം തുറന്നത്. രാവിലെ 9 മണിക്ക് അഞ്ഞൂറിലധികം വാഹനങ്ങളെ പങ്കെടുപ്പിച്ചു പ്രതിഷേധ ജാഥ തുടങ്ങി. അതേസമയം, വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിന്ന് പ്രതിഷേധ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു. ഒരേ സമയം നൂറിലധികം ബോട്ടുകളാണ് വിഴിഞ്ഞം തുറമുഖം വലയം ചെയ്തു പ്രതിഷേധിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാതെ പിന്നോട്ടില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സമരസമിതി അറിയിച്ചു. രാപകൽ ഉപരോധ സമരത്തിൽ ഇന്നലെ പ്രാർഥനാദിനമായി ആചരിച്ചു.