മത്സ്യത്തൊഴിലാളികളുടെ സമരം; മന്ത്രിമാരുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് ആന്‍റണി രാജു

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ ഈ മാസം 22ന് മന്ത്രിമാരുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾക്ക് അടിസ്ഥാനമുണ്ട്. സംസ്ഥാനത്തിന് ഒറ്റയ്ക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും പുനരധിവാസം ഉറപ്പാക്കാൻ 17 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടായ തീരദേശ ശോഷണം പരിഹരിക്കണമെന്നും, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പുനരിധവാസം ഉറപ്പാക്കണമെന്നും, മുതലപ്പൊഴിയടക്കമുള്ള സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും ഇന്നലെ സെക്രട്ടേറിയറ്റിൻ മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണമാണ് തീരശോഷണത്തിന് കാരണമെന്നാണ് തീരദേശ നിവാസികളുടെ ആരോപണം. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം ശരിയായ പഠനത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്ന് തീരദേശവാസികൾ ആരോപിച്ചു. തുറമുഖത്തിന്‍റെ നിർമ്മാണം ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അവർ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരപ്രദേശത്തെ അഞ്ഞൂറോളം വീടുകൾ കടലിൽ ഒലിച്ചുപോയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.