അഞ്ച് അപകടങ്ങള്‍, രണ്ട് ശസ്ത്രക്രിയകള്‍; മാതൃകയായി പ്രഗ്ന്യയുടെ സ്വര്‍ണമെഡല്‍ നേട്ടം

ഗുജറാത്ത്: ഒരു സ്വർണ്ണ മെഡലിന് എന്ത് വില നൽകണം? ഗുരുതരമായ അഞ്ച് അപകടങ്ങൾ, രണ്ട് ശസ്ത്രക്രിയകൾ, കൈകളിലും കാലുകളിലും സ്റ്റീൽ കമ്പികൾ, ജീവൻ പണയം വെച്ചുള്ള കഠിന പരിശീലനങ്ങൾ, 300-400 കിലോമീറ്റർ ദൂരം താണ്ടിയുള്ള യാത്രകൾ എന്നതാണ് പ്രഗ്ന്യ മോഹൻ എന്ന ഗുജറാത്തി പെൺകുട്ടിയുടെ മറുപടി. വനിതകളുടെ ട്രയാത്തലോണിൽ ഒരു സ്വർണ്ണ മെഡലാണ് പ്രഗ്ന്യ നേടിയത്. പക്ഷേ, ഈ ഒരു മെഡലിനായി പ്രഗ്ന്യയെപ്പോലെ വേദന അനുഭവിച്ച ഒരാൾ ഈ ഗെയിംസിൽ എന്നല്ല, രാജ്യത്ത് തന്നെ ഉണ്ടാവില്ല.

റോഡ് സൈക്ലിംഗ്, ഓട്ടം, നദിയിലെ നീന്തൽ എന്നിവയെല്ലാം ചേർന്ന ഏറ്റവും കഠിനമായ ഒളിമ്പിക് ഇവന്‍റായ ട്രയാത്തലോണിനായുള്ള തയ്യാറെടുപ്പിൽ ഈ ചാർട്ടേഡ് അക്കൗണ്ടൻസി വിദ്യാർത്ഥി വളരെയധികം കഷ്ടത അനുഭവിച്ചിട്ടുണ്ട്. സൈക്ലിംഗ് പരിശീലനത്തിനിടെ അഞ്ച് തവണയാണ് പ്രഗ്ന്യയ്ക്ക് അപകടമുണ്ടായത്. ഒരു എസ്.യു.വി ഇടിച്ചുണ്ടായ അപകടത്തിൽ ദിവസങ്ങളോളം കോമയിൽ കിടന്ന ശേഷമാണ് പ്രഗ്ന്യ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അഞ്ച് അപകടങ്ങളിലായി രണ്ട് തവണ മേജർ സർജറിക്ക് വിധേയയായി. കാലിലും കൈക്കുഴയിലും കമ്പികൾ ഇട്ടു. എന്നാൽ ഇതെന്നും പ്രഗ്ന്യയെ തളർത്തിയില്ല മറിച്ച് അവളിലെ പോരാട്ടവീര്യത്തെ വീണ്ടും ജ്വലിപ്പിച്ചു. ഓരോ തവണയും ആശുപത്രിക്കിടക്കയിൽ നിന്ന് കൂടുതല്‍ കരുത്തോടെ എഴുന്നേറ്റ് ഓടിയും ഊളിയിട്ടും ആഞ്ഞുചവിട്ടിയും മത്സരിച്ചു. അങ്ങനെയാണ് ട്രയാത്തലോൺ ലോകകപ്പിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ താരമായി പ്രഗ്ന്യ മാറിയത്. അടുത്തിടെ കോമൺവെൽത്ത് ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ ട്രയാത്തലേറ്റ് എന്ന റെക്കോർഡും തന്റെ പേരിലാക്കി. ഇപ്പോഴിതാ തുടര്‍ച്ചയായ രണ്ടാം തവണയും ദേശീയ ഗെയിംസില്‍ സ്വര്‍ണമണിയുകയും ചെയ്തു.

ഒരു മാരത്തോൺ ഓട്ടക്കാരനായ പ്രജ്ഞയുടെ പിതാവ് പ്രതാപാണ് ഇന്ത്യയിൽ ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഈ മത്സര ഇനത്തിലേയ്ക്ക് മകളെ കൊണ്ടുവന്നത്. അച്ഛനും സഹോദരനുമൊപ്പം മാരത്തണിലായിരുന്നു ആദ്യ പരീക്ഷണം. പിന്നെ നീന്തുലിലേയ്ക്ക്. അതിനുശേഷം സൈക്ലിംഗ് ആരംഭിച്ചു. ഇവ എല്ലാത്തിലും മികവ് പുലർത്തുന്നത് കണ്ടപ്പോൾ പിതാവ് ട്രയാത്തലോണിൽ പങ്കെടുക്കാൻ നിർദേശിച്ചു. അങ്ങനെ 2013 ൽ ആദ്യമായി ട്രയാത്തലോണിൽ പങ്കെടുത്തു. എന്നാൽ വിദഗ്ദ്ധോപദേശമോ പരിശീലനമോ നൽകാൻ ആരുമുണ്ടായിരുന്നില്ല. അതിനാൽ നീന്തൽ, സൈക്ലിംഗ്, ഓട്ടം എന്നിവയ്ക്കായി വ്യത്യസ്ത പരിശീലകരുടെ അടുത്തേക്ക് പോയി. എല്ലാം കൂട്ടിക്കുഴയ്ക്കാൻ അവർ പ്രോത്സാഹിപ്പിച്ചില്ല. പിന്നീട് യൂട്യൂബ് വീഡിയോകൾ കണ്ടും പുസ്തകങ്ങൾ വായിച്ചും അച്ഛൻ തന്നെ പരിശീലക വേഷമണിഞ്ഞു.