യുഎസ് ജനപ്രതിനിധി സഭയിലെ അഞ്ച് അംഗങ്ങൾ കൂടി തയ്‌വാനിലേക്ക്

തായ്പെയ്: ചൈനയുടെ ഭീഷണി വകവയ്ക്കാതെ യുഎസ് ജനപ്രതിനിധി സഭയിലെ അഞ്ച് അംഗങ്ങൾ തായ്‌വാൻ സന്ദർശിക്കുന്നു. സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് 12 ദിവസങ്ങൾക്ക് ശേഷമാണ് സന്ദർശനം. പെലോസിയുടെ സന്ദർശനം ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ദിവസങ്ങളോളം, ചൈന തായ്‌വാനുചുറ്റും മിസൈലുകൾ, യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ച് കടലിലും ആകാശത്തുമായി സൈനികാഭ്യാസവും നടത്തിയിരുന്നു.

ഡെമോക്രാറ്റ് സെനറ്റർ എഡ് മാർക്കെയ്‌യുടെ (മസാച്ചുസെറ്റ്സ്) നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ചയും തിങ്കളാഴ്ചയും തായ്‌വാൻ സന്ദർശിക്കുമെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. യുഎസ്-തായ്‌വാൻ ബന്ധം, പ്രാദേശിക സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നിവയെക്കുറിച്ച് പാർലമെന്‍റ് അംഗങ്ങൾ തായ്‌വാനിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും.

ഏഷ്യൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് സംഘം തായ്‌വാനിൽ എത്തിയതെന്നാണ് വിവരം. യുഎസ് സർക്കാർ വിമാനത്തിൽ തായ്പെയ് സോങ്ഷാൻ വിമാനത്താവളത്തിൽ എത്തിയ സംഘത്തിന്‍റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു.