സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും

തിരുവനന്തപുരം: 24-ാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകീട്ട് ആറിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനം, പ്രതിനിധി സമ്മേളന നഗരിയായ ടാഗോർ തിയേറ്ററിലെ വെളിയം ഭാർഗവൻ നഗർ എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി.

നേതാക്കള്‍ തമ്മിലുള്ള ചേരിതിരിവ് പരസ്യമായ ആരോപണ പ്രത്യാരോപണങ്ങൾക്കും നടപടി സൂചനകളിലേക്കും എത്തിനിൽക്കെ കടുത്ത പിരിമുറക്കത്തിലാണ് കൊടിയുയരുന്നത്. നെയ്യാറ്റിൻകരയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ കെ.ഇ ഇസ്മായിലും സി.ദിവാകരനും പങ്കെടുക്കാതിരുന്നത് വിഭാഗീയതയുടെ തീവ്രതയാണ് കാണിക്കുന്നത്.

പ്രായപരിധി വിവാദം രൂക്ഷമാകാൻ സാധ്യതയുള്ള സമ്മേളനത്തിൽ ചരിത്രത്തിലാദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മത്സരം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം, കാനം വിരുദ്ധ പക്ഷത്തിന്‍റെ മുന്നണിയിലുള്ള സി ദിവാകരനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.