പ്രളയം: ഫുജൈറയ്ക്ക് സഹായം നൽകുമെന്ന് കോൺസൽ ജനറൽ

ഫുജൈറ: കൽബയിലും ഫുജൈറയിലും പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ഇന്ത്യക്കാർക്കു സഹായം തേടി യുഎഇ കെ.എം.സി.സി നേതാക്കൾ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരിയെ കണ്ടു.

പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പ്രളയത്തിൽ നശിച്ച ഇന്ത്യക്കാരുണ്ട്. അവർക്ക് രേഖകൾ ലഭിക്കാൻ കോൺസുലേറ്റ് ഇടപെടണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. പാർപ്പിടങ്ങളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ പുനരധിവാസത്തിനും കോൺസുലേറ്റിന്‍റെ സഹായം ആവശ്യമാണ്. പാസ്പോർട്ട് വകുപ്പിന്‍റെ ചുമതലയുള്ള റാം കുമാർ തങ്കരാജുമായും കെഎംസിസി നേതാക്കൾ കൂടിക്കാഴ്ച നടത്തി.
പാസ്പോർട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ട വിവരം അറിയാനും പുതിയവ നൽകാനും പുനരധിവാസ സഹായം നൽകാനും കോൺസുലേറ്റ് സംഘം ഉടൻ ഫുജൈറ സന്ദർശിക്കുമെന്ന് കോൺസുലേറ്റ് ജനറലും അധികൃതരും ഉറപ്പ് നൽകിയതായി കെ.എം.സി.സി പ്രസിഡന്‍റ് പുത്തൂർ റഹ്മാൻ സെക്രട്ടറി അൻവർ നഹ എന്നിവർ പറഞ്ഞു.