നൈജീരിയയിൽ ദുരിതം വിതച്ച് പ്രളയം; 500 കടന്ന് മരണസംഖ്യ

അബുജ: മഹാപ്രളയം നൈജീരിയയെ ദുരിതത്തിലാഴ്ത്തുകയാണ്. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നൈജീരിയ വലയുകയാണ്. 500ലധികം പേർക്ക് ഇതിനകം പ്രളയത്തിൽ ജീവൻ നഷ്ടമായി.

ഇതുവരെ ഒരു ലക്ഷത്തിലധികം വീടുകൾ വെള്ളത്തിനടിയിലായി. നൈജീരിയയിലെ 36 സംസ്ഥാനങ്ങളിൽ 27 എണ്ണവും വെള്ളപ്പൊക്കത്തിന്‍റെ ആഘാതത്തിൽ വലയുകയാണ്. 27 സംസ്ഥാനങ്ങളെയും പ്രളയം ബാധിച്ചു. 14 ലക്ഷത്തിലധികം പേരെ പ്രളയം നേരിട്ട് ബാധിച്ചു.

പല സംസ്ഥാനങ്ങളിലും ഭക്ഷണം, ഇന്ധന വിതരണം, രക്ഷാപ്രവർത്തനം എന്നിവ താറുമാറായി. രക്ഷാപ്രവർത്തനം ഊർജിതമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ദുരന്തത്തിന്‍റെ വ്യാപ്തി പ്രതീക്ഷിച്ചതിലും വളരെ വലുതാകാനുള്ള സാധ്യതയാണ് നൈജീരിയൻ അധികൃതർ പറയുന്നത്. നാഷണൽ എമർജൻസി മാനേജ്മെന്‍റ് ഏജൻസി ഡയറക്ടർ ജനറൽ മുസ്തഫ ഹബീബ് അഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്.