റേഷന്‍കട വിജിലന്‍സ് സമിതിയിൽ വീണ്ടും ചട്ട ഭേദഗതിക്കൊരുങ്ങി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം : റേഷൻകട വിജിലൻസ് സമിതിയിൽ വീണ്ടും ചട്ട ഭേദഗതിക്ക് ഭക്ഷ്യവകുപ്പ്. നിയമവകുപ്പിന്‍റെ അനുമതി ലഭിക്കാത്തതിനാൽ പിൻവലിക്കേണ്ടി വന്ന ഭേദഗതിയാണ് ഭക്ഷ്യവകുപ്പ് തിരികെ കൊണ്ടുവരുന്നത്. വിജ്ഞാപനത്തിന്‍റെ കരട് നിയമവകുപ്പിന് അയച്ചു.

പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും റേഷൻ കടകളിലെ ക്രമക്കേടുകൾ ഒഴിവാക്കാനുമാണ് ഭക്ഷ്യസുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുന്നത്. നേരത്തെ ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിരുന്നെങ്കിലും നിയമവകുപ്പ് അറിയാതെ വിജ്ഞാപനം പുറപ്പെടുവിക്കരുതെന്ന് നിയമവകുപ്പ് വ്യക്തമാക്കി. ഇതേതുടർന്ന് ഭക്ഷ്യവകുപ്പ് വിജ്ഞാപനം പിൻവലിച്ചു. എന്നാൽ ഭേദഗതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് ഭക്ഷ്യവകുപ്പ്.

അതിനാൽ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്താനാണ് തീരുമാനം. ഇതിന്‍റെ കരട് തയ്യാറാക്കി നിയമവകുപ്പിന് അയച്ചു. റേഷൻ കട വിജിലൻസ് സമിതിയിൽ വാർഡ് മെമ്പറെ സമിതിയുടെ ചെയർമാനാക്കാനും ഭേദഗതി ശുപാർശ ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്‍റും മേയറും ചെയർമാനായി നിലവിലുള്ള സംവിധാനം പരാജയമാണെന്നാണ് ഭക്ഷ്യവകുപ്പിന്‍റെ നിലപാട്. സമിതികൾ കൃത്യസമയത്ത് യോഗം ചേരുന്നില്ലെന്നും കണ്ടെത്തി.