ഭക്ഷ്യവിഷബാധ; മരിച്ച യുവതിക്ക് വൃക്കയിലും കരളിലും അണുബാധ

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച പാലത്തറ സ്വദേശി രശ്മി രാജിന് (33) ഉണ്ടായിരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. കഴിഞ്ഞ മാസം 29ന് കോട്ടയത്തെ സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത അൽഫാം രശ്മി കഴിച്ചിരുന്നു. മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഹോസ്റ്റലിൽ വരുത്തിയാണ് ഭക്ഷണം കഴിച്ചത്. സഹോദരൻ വിഷ്ണുരാജിനും ഹോട്ടലിൽ ഭക്ഷണം കഴിച്ച മറ്റ് 26 പേർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.

ഭക്ഷണം കഴിച്ച ശേഷം രശ്മിക്ക് രാത്രിയിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. തുടർന്ന് സഹപ്രവർത്തകരാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ആമാശയ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഉടൻ തന്നെ ട്രോമ കെയർ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അണുബാധ വൃക്കകളും കരളും ഉൾപ്പെടെയുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടർന്ന് നില ഗുരുതരമാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ തിങ്കളാഴ്ച രാത്രി 7 മണിയോടെ മരിച്ചു. ഇതിനിടയിൽ ഡയാലിസിസിന് വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

2015-16 ലാണ് രശ്മി രാജ് കോട്ടയം മെഡിക്കൽ കോളേജിൽ ജോലിക്ക് ചേർന്നത്. ഭർത്താവ്: തിരുവനന്തപുരം പ്ലാമൂട്ടുകട തോട്ടത്തുവിളാക്കത്ത് വിനോദ് കുമാർ. തിരുവാർപ്പ് പാലത്തറ രാജുവിന്‍റെയും അംബികയുടെയും മകളാണ്.